Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

Musa നബി

14 / 25 موسى Moses 134 വചനങ്ങൾ

ഖുർആൻ ഏറ്റവും കൂടുതൽ തവണ, പല സൂറകളിലായി, കഥ പറയുന്ന പ്രവാചകന്മാരിൽ ഒരാളാണ് മൂസാ: അദ്ദേഹത്തിന്റെ ജനനം, ഫറവോന്റെ അടുക്കലേക്കുള്ള ദൗത്യം, ഇസ്റാഈൽ സന്തതികളുടെ പുറപ്പാട്.

1

നദിയിലെ കുഞ്ഞ്

മൂസായുടെ മാതാവിന് അദ്ദേഹത്തെ മുലയൂട്ടാനും, അദ്ദേഹത്തെക്കുറിച്ച് ഭയം തോന്നുമ്പോൾ നദിയിലേക്ക് ഇടാനും അല്ലാഹു ബോധനം നൽകുന്നു; അദ്ദേഹത്തെ തിരികെ ഏൽപ്പിക്കുമെന്നും ദൂതനാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഫറവോന്റെ കുടുംബം അദ്ദേഹത്തെ എടുക്കുന്നു. അദ്ദേഹത്തിന്റെ സഹോദരി നിരീക്ഷിക്കുന്നു; മാതാവിന് സമാധാനമുണ്ടാകാൻ അദ്ദേഹത്തെ അവരുടെ അടുത്തേക്ക് തിരികെ നൽകുന്നു.

വചനങ്ങൾ കാണിക്കുക (7)

وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱلْيَمِّ وَلَا تَخَافِى وَلَا تَحْزَنِىٓ ۖ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ ﴿٧﴾

മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌.

فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّۭا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَٰمَٰنَ وَجُنُودَهُمَا كَانُوا۟ خَٰطِـِٔينَ ﴿٨﴾

എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു.

وَقَالَتِ ٱمْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍۢ لِّى وَلَكَ ۖ لَا تَقْتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًۭا وَهُمْ لَا يَشْعُرُونَ ﴿٩﴾

ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.

وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَٰرِغًا ۖ إِن كَادَتْ لَتُبْدِى بِهِۦ لَوْلَآ أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ ٱلْمُؤْمِنِينَ ﴿١٠﴾

മൂസായുടെ മാതാവിന്‍റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്‌) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്‌.)

وَقَالَتْ لِأُخْتِهِۦ قُصِّيهِ ۖ فَبَصُرَتْ بِهِۦ عَن جُنُبٍۢ وَهُمْ لَا يَشْعُرُونَ ﴿١١﴾

അവള്‍ അവന്‍റെ (മൂസായുടെ) സഹോദരിയോട് പറഞ്ഞു: നീ അവന്‍റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല.

۞ وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰٓ أَهْلِ بَيْتٍۢ يَكْفُلُونَهُۥ لَكُمْ وَهُمْ لَهُۥ نَٰصِحُونَ ﴿١٢﴾

അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.

فَرَدَدْنَٰهُ إِلَىٰٓ أُمِّهِۦ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّۭ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴿١٣﴾

അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.

2

മദ്‌യനിലേക്കുള്ള പലായനം

മൂസാ ഒരാളെ അടിക്കുകയും അയാൾ മരിക്കുകയും ചെയ്യുന്നു; അദ്ദേഹം പൊറുക്കലിനായി പ്രാർഥിക്കുകയും ഭയത്തോടെ നഗരം വിടുകയും ചെയ്യുന്നു. മദ്‌യനിലെ ജലാശയത്തിൽ രണ്ട് സ്ത്രീകൾക്കുവേണ്ടി അദ്ദേഹം ആട്ടിൻപറ്റങ്ങൾക്ക് വെള്ളം കൊടുക്കുന്നു; തുടർന്ന് പ്രാർഥിക്കുന്നു: “എന്റെ നാഥാ, നീ എനിക്ക് ഇറക്കിത്തരുന്ന ഏത് നന്മയ്ക്കും ഞാൻ ആവശ്യക്കാരനാണ്.” അവരുടെ പിതാവിന്റെ സേവനത്തിൽ അദ്ദേഹം അവിടെ വർഷങ്ങൾ താമസിക്കുന്നു.

വചനങ്ങൾ കാണിക്കുക (15)

وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَٰهُ حُكْمًۭا وَعِلْمًۭا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿١٤﴾

അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.

وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍۢ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ ٱلشَّيْطَٰنِ ۖ إِنَّهُۥ عَدُوٌّۭ مُّضِلٌّۭ مُّبِينٌۭ ﴿١٥﴾

പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.

قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿١٦﴾

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًۭا لِّلْمُجْرِمِينَ ﴿١٧﴾

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു സഹായം നല്‍കുന്നവനാവുകയില്ല.

فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًۭا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّۭ مُّبِينٌۭ ﴿١٨﴾

അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു.

فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّۭ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسًۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًۭا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ ﴿١٩﴾

എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത് പോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്‌. നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല.

وَجَآءَ رَجُلٌۭ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّٰصِحِينَ ﴿٢٠﴾

പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്‌) പുറത്ത് പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു.

فَخَرَجَ مِنْهَا خَآئِفًۭا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴿٢١﴾

അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.

وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ ﴿٢٢﴾

മദ്‌യന്‍റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം.

وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةًۭ مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌۭ كَبِيرٌۭ ﴿٢٣﴾

മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്‌) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌.

فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍۢ فَقِيرٌۭ ﴿٢٤﴾

അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്‌) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.

فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍۢ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴿٢٥﴾

അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്‌) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു.

قَالَتْ إِحْدَىٰهُمَا يَٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ ﴿٢٦﴾

ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.

قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَٰنِىَ حِجَجٍۢ ۖ فَإِنْ أَتْمَمْتَ عَشْرًۭا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰلِحِينَ ﴿٢٧﴾

അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം.

قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌۭ ﴿٢٨﴾

അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു.

3

താഴ്വരയിലെ വിളി

പവിത്രമായ ത്വുവാ താഴ്വരയിൽ അല്ലാഹു മൂസായെ വിളിക്കുന്നു: “ഞാനാണ് നിന്റെ നാഥൻ; അതിനാൽ നിന്റെ ചെരിപ്പുകൾ അഴിക്കുക… ഞാനാണ് അല്ലാഹു; എന്നെ ആരാധിക്കുക.” അദ്ദേഹത്തിന് വടിയും കൈയും കാണിച്ചുകൊടുക്കുകയും ഫറവോന്റെ അടുത്തേക്ക് അയക്കുകയും ചെയ്യുന്നു. തന്റെ നെഞ്ച് വിശാലമാക്കാനും കാര്യം എളുപ്പമാക്കാനും നാവിലെ കെട്ട് അഴിക്കാനും ഹാറൂനെ തന്റെ സഹായിയാക്കാനും മൂസാ തന്റെ നാഥനോട് ആവശ്യപ്പെടുന്നു. അല്ലാഹു അദ്ദേഹത്തിന്റെ അപേക്ഷ അനുവദിക്കുന്നു.

വചനങ്ങൾ കാണിക്കുക (28)

وَهَلْ أَتَىٰكَ حَدِيثُ مُوسَىٰٓ ﴿٩﴾

മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

إِذْ رَءَا نَارًۭا فَقَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًۭا لَّعَلِّىٓ ءَاتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًۭى ﴿١٠﴾

അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.

فَلَمَّآ أَتَىٰهَا نُودِىَ يَٰمُوسَىٰٓ ﴿١١﴾

അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.

إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ ۖ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًۭى ﴿١٢﴾

തീര്‍ച്ചയായും ഞാനാണ് നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.

وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ ﴿١٣﴾

ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക.

إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ ﴿١٤﴾

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.

إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍۭ بِمَا تَسْعَىٰ ﴿١٥﴾

തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.

فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرْدَىٰ ﴿١٦﴾

ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌.

وَمَا تِلْكَ بِيَمِينِكَ يَٰمُوسَىٰ ﴿١٧﴾

അല്ലാഹു പറഞ്ഞു:) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?

قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ ﴿١٨﴾

അദ്ദേഹം പറഞ്ഞു: ഇത് എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത് കൊണ്ട് എന്‍റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്‌.

قَالَ أَلْقِهَا يَٰمُوسَىٰ ﴿١٩﴾

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.

فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌۭ تَسْعَىٰ ﴿٢٠﴾

അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.

قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ ﴿٢١﴾

അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്‍റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്‌.

وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ءَايَةً أُخْرَىٰ ﴿٢٢﴾

നീ നിന്‍റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്‌. അത് മറ്റൊരു ദൃഷ്ടാന്തമത്രെ.

لِنُرِيَكَ مِنْ ءَايَٰتِنَا ٱلْكُبْرَى ﴿٢٣﴾

നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിനക്ക് നം കാണിച്ചുതരുവാന്‍ വേണ്ടിയത്രെ അത്‌.

ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ﴿٢٤﴾

നീ ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.

قَالَ رَبِّ ٱشْرَحْ لِى صَدْرِى ﴿٢٥﴾

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.

وَيَسِّرْ لِىٓ أَمْرِى ﴿٢٦﴾

എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.

وَٱحْلُلْ عُقْدَةًۭ مِّن لِّسَانِى ﴿٢٧﴾

എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.

يَفْقَهُوا۟ قَوْلِى ﴿٢٨﴾

ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്‌.

وَٱجْعَل لِّى وَزِيرًۭا مِّنْ أَهْلِى ﴿٢٩﴾

എന്‍റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ.

هَٰرُونَ أَخِى ﴿٣٠﴾

അതായത് എന്‍റെ സഹോദരന്‍ ഹാറൂനെ.

ٱشْدُدْ بِهِۦٓ أَزْرِى ﴿٣١﴾

അവന്‍ മുഖേന എന്‍റെ ശക്തി നീ ദൃഢമാക്കുകയും,

وَأَشْرِكْهُ فِىٓ أَمْرِى ﴿٣٢﴾

എന്‍റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.

كَىْ نُسَبِّحَكَ كَثِيرًۭا ﴿٣٣﴾

ഞങ്ങള്‍ ധാരാളമായി നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുവാനും,

وَنَذْكُرَكَ كَثِيرًا ﴿٣٤﴾

ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി.

إِنَّكَ كُنتَ بِنَا بَصِيرًۭا ﴿٣٥﴾

തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

قَالَ قَدْ أُوتِيتَ سُؤْلَكَ يَٰمُوسَىٰ ﴿٣٦﴾

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു.

4

ഫറവോന്റെ മുന്നിൽ

മൂസായും ഹാറൂനും ഫറവോന്റെ അടുത്തേക്ക് പോകുന്നു; അവൻ ചോദിക്കുന്നു: “ലോകരുടെ നാഥൻ എന്നാൽ എന്താണ്?” മൂസാ ഉത്തരം നൽകുന്നു: “ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും നാഥൻ.” മൂസാ തന്റെ വടി എറിയുന്നു; അത് വ്യക്തമായ ഒരു സർപ്പമായി മാറുന്നു. മാരണക്കാർ തങ്ങളുടെ കയറുകളും വടികളും എറിയുന്നു.

വചനങ്ങൾ കാണിക്കുക (28)

وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّٰلِمِينَ ﴿١٠﴾

നിന്‍റെ രക്ഷിതാവ് മൂസായെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക

قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ ﴿١١﴾

അതായത്‌, ഫിര്‍ഔന്‍റെ ജനതയുടെ അടുക്കലേക്ക് അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക)

قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ ﴿١٢﴾

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു

وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَٰرُونَ ﴿١٣﴾

എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും എന്‍റെ നാവിന് ഒഴുക്കുണ്ടാവുകയില്ല അതിനാല്‍ ‍ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ

وَلَهُمْ عَلَىَّ ذَنۢبٌۭ فَأَخَافُ أَن يَقْتُلُونِ ﴿١٤﴾

അവര്‍ക്ക് എന്‍റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട് അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു

قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ ﴿١٥﴾

അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌

فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَٰلَمِينَ ﴿١٦﴾

എന്നിട്ട് നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു

أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ ﴿١٧﴾

ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌

قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًۭا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ ﴿١٨﴾

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ‍നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്‍റെ ആയുസ്സില്‍ ‍കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ ‍നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്‌

وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَٰفِرِينَ ﴿١٩﴾

നീ ചെയ്ത നിന്‍റെ ആ(ദുഷ്‌) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍തന്നെയാകുന്നു

قَالَ فَعَلْتُهَآ إِذًۭا وَأَنَا۠ مِنَ ٱلضَّآلِّينَ ﴿٢٠﴾

അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി എന്നാല്‍ ‍ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു

فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًۭا وَجَعَلَنِى مِنَ ٱلْمُرْسَلِينَ ﴿٢١﴾

അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്ന് ഓടിപ്പോയി അനന്തരം എന്‍റെ രക്ഷിതാവ് എനിക്ക് തത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്‍മാരില്‍ ഒരാളാക്കുകയും ചെയ്തു

وَتِلْكَ نِعْمَةٌۭ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ ﴿٢٢﴾

എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ

قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَٰلَمِينَ ﴿٢٣﴾

ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്‌?

قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ﴿٢٤﴾

അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍

فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌۭ مُّبِينٌۭ ﴿٣٢﴾

അപ്പോള്‍ അദ്ദേഹം (മൂസാ) തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു

وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّٰظِرِينَ ﴿٣٣﴾

അദ്ദേഹം തന്‍റെ കൈ പുറത്തേക്കെടുക്കുകയും ചെയ്തു അപ്പോഴതാ അത് കാണികള്‍ക്ക് വെള്ളനിറമാകുന്നു

قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٌۭ ﴿٣٤﴾

തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ്‌

يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ ﴿٣٥﴾

തന്‍റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു അതിനാല്‍ ‍നിങ്ങള്‍ എന്ത് നിര്‍ദേശിക്കുന്നു?

قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَٰشِرِينَ ﴿٣٦﴾

അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്‍മാരെ നിയോഗിക്കുകയും ചെയ്യുക

يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍۢ ﴿٣٧﴾

എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ

فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوْمٍۢ مَّعْلُومٍۢ ﴿٣٨﴾

അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു

وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ ﴿٣٩﴾

ജനങ്ങളോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?

لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُوا۟ هُمُ ٱلْغَٰلِبِينَ ﴿٤٠﴾

ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍ ‍നമുക്കവരെ പിന്തുടരാമല്ലോ!

فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَٰلِبِينَ ﴿٤١﴾

അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ ‍തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ?

قَالَ نَعَمْ وَإِنَّكُمْ إِذًۭا لَّمِنَ ٱلْمُقَرَّبِينَ ﴿٤٢﴾

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ ﴿٤٣﴾

മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക

فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَٰلِبُونَ ﴿٤٤﴾

അപ്പോള്‍ തങ്ങളുടെ കയറുകളും വടികളും അവര്‍ ഇട്ടു അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്‍റെ പ്രതാപം തന്നെയാണ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍

5

കടൽ പിളരുന്നു

അല്ലാഹുവിന്റെ ദാസന്മാരോടൊപ്പം രാത്രിയിൽ യാത്ര ചെയ്യാൻ മൂസായോട് പറയുന്നു. ഫറവോൻ അവരുടെ പിന്നാലെ ആളെ അയക്കുന്നു. രണ്ട് സംഘങ്ങളും പരസ്പരം കാണുമ്പോൾ, തങ്ങൾ പിടിക്കപ്പെടുമെന്ന് മൂസായുടെ ജനത പറയുന്നു; അദ്ദേഹം പറയുന്നു: “ഇല്ല. എന്റെ നാഥൻ എന്നോടൊപ്പമുണ്ട്; അവൻ എനിക്ക് വഴി കാണിക്കും.” അദ്ദേഹം തന്റെ വടികൊണ്ട് കടലിൽ അടിക്കുന്നു; അത് പിളരുന്നു, ഓരോ ഭാഗവും വലിയ പർവതംപോലെ. അല്ലാഹു മൂസായെയും കൂടെയുള്ളവരെയും രക്ഷിക്കുകയും മറ്റുള്ളവരെ മുക്കിക്കളയുകയും ചെയ്യുന്നു.

വചനങ്ങൾ കാണിക്കുക (17)

۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ ﴿٥٢﴾

മൂസായ്ക്ക് നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ ‍നീ പുറപ്പെട്ടുകൊള്ളുക തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്‌

فَأَرْسَلَ فِرْعَوْنُ فِى ٱلْمَدَآئِنِ حَٰشِرِينَ ﴿٥٣﴾

അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്‍മാരെ അയച്ചു

إِنَّ هَٰٓؤُلَآءِ لَشِرْذِمَةٌۭ قَلِيلُونَ ﴿٥٤﴾

തീര്‍ച്ചയായും ഇവര്‍ കുറച്ച് പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു

وَإِنَّهُمْ لَنَا لَغَآئِظُونَ ﴿٥٥﴾

തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു

وَإِنَّا لَجَمِيعٌ حَٰذِرُونَ ﴿٥٦﴾

തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍ നിര്‍ദേശിച്ചത്‌)

فَأَخْرَجْنَٰهُم مِّن جَنَّٰتٍۢ وَعُيُونٍۢ ﴿٥٧﴾

അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി

وَكُنُوزٍۢ وَمَقَامٍۢ كَرِيمٍۢ ﴿٥٨﴾

ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും

كَذَٰلِكَ وَأَوْرَثْنَٰهَا بَنِىٓ إِسْرَٰٓءِيلَ ﴿٥٩﴾

അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു

فَأَتْبَعُوهُم مُّشْرِقِينَ ﴿٦٠﴾

എന്നിട്ട് അവര്‍ (ഫിര്‍ഔനും സംഘവും) ഉദയവേളയില്‍ അവരുടെ (ഇസ്രായീല്യരുടെ) പിന്നാലെ ചെന്നു

فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ ﴿٦١﴾

അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌

قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ ﴿٦٢﴾

അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും

فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍۢ كَٱلطَّوْدِ ٱلْعَظِيمِ ﴿٦٣﴾

അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട് കടലില്‍ ‍അടിക്കൂ എന്ന് അങ്ങനെ അത് (കടല്‍ ‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു

وَأَزْلَفْنَا ثَمَّ ٱلْءَاخَرِينَ ﴿٦٤﴾

മറ്റവരെ (ഫിര്‍ഔന്‍റെ പക്ഷം) യും നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി

وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ ﴿٦٥﴾

മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി

ثُمَّ أَغْرَقْنَا ٱلْءَاخَرِينَ ﴿٦٦﴾

പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു

إِنَّ فِى ذَٰلِكَ لَءَايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴿٦٧﴾

തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴿٦٨﴾

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും

6

കാളക്കുട്ടി

മൂസാ അകലെയായിരിക്കുമ്പോൾ സാമിരി ജനങ്ങൾക്കുവേണ്ടി ഒരു കാളക്കുട്ടിയെ, അമറുന്ന ഒരു ശരീരത്തെ, ഉണ്ടാക്കുന്നു. മൂസാ കോപത്തോടെ മടങ്ങിയെത്തുന്നു. ഇസ്റാഈൽ സന്തതികൾക്കിടയിൽ താൻ ഭിന്നിപ്പുണ്ടാക്കിയെന്ന് മൂസാ പറയുമോ എന്ന് താൻ ഭയപ്പെട്ടുവെന്ന് ഹാറൂൻ വിശദീകരിക്കുന്നു. സാമിരിയോട് അവൻ ചെയ്തത് എന്താണെന്ന് മൂസാ ചോദിക്കുകയും, നിന്റെ ദൈവം എല്ലാ കാര്യങ്ങളെയും അറിവുകൊണ്ട് വലയം ചെയ്ത അല്ലാഹു മാത്രമാണെന്ന് അവനോട് പറയുകയും ചെയ്യുന്നു.

വചനങ്ങൾ കാണിക്കുക (16)

۞ وَمَآ أَعْجَلَكَ عَن قَوْمِكَ يَٰمُوسَىٰ ﴿٨٣﴾

(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്‍റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്‌?

قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ ﴿٨٤﴾

അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്‌. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്‍റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്‌.

قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنۢ بَعْدِكَ وَأَضَلَّهُمُ ٱلسَّامِرِىُّ ﴿٨٥﴾

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്‍റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നു.

فَرَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَٰنَ أَسِفًۭا ۚ قَالَ يَٰقَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ۚ أَفَطَالَ عَلَيْكُمُ ٱلْعَهْدُ أَمْ أَرَدتُّمْ أَن يَحِلَّ عَلَيْكُمْ غَضَبٌۭ مِّن رَّبِّكُمْ فَأَخْلَفْتُم مَّوْعِدِى ﴿٨٦﴾

അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും, ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?

قَالُوا۟ مَآ أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَٰكِنَّا حُمِّلْنَآ أَوْزَارًۭا مِّن زِينَةِ ٱلْقَوْمِ فَقَذَفْنَٰهَا فَكَذَٰلِكَ أَلْقَى ٱلسَّامِرِىُّ ﴿٨٧﴾

അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു.

فَأَخْرَجَ لَهُمْ عِجْلًۭا جَسَدًۭا لَّهُۥ خُوَارٌۭ فَقَالُوا۟ هَٰذَآ إِلَٰهُكُمْ وَإِلَٰهُ مُوسَىٰ فَنَسِىَ ﴿٨٨﴾

എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്‌) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോള്‍ അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്‌. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്‌.

أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًۭا وَلَا يَمْلِكُ لَهُمْ ضَرًّۭا وَلَا نَفْعًۭا ﴿٨٩﴾

എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക് യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ?

وَلَقَدْ قَالَ لَهُمْ هَٰرُونُ مِن قَبْلُ يَٰقَوْمِ إِنَّمَا فُتِنتُم بِهِۦ ۖ وَإِنَّ رَبَّكُمُ ٱلرَّحْمَٰنُ فَٱتَّبِعُونِى وَأَطِيعُوٓا۟ أَمْرِى ﴿٩٠﴾

മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്‍റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്‌. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും,എന്‍റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

قَالُوا۟ لَن نَّبْرَحَ عَلَيْهِ عَٰكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ ﴿٩١﴾

അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്‌.

قَالَ يَٰهَٰرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوٓا۟ ﴿٩٢﴾

അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത്‌?

أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِى ﴿٩٣﴾

എന്നെ നീ പിന്തുടരാതിരിക്കാന്‍. നീ എന്‍റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്‌?

قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ ۖ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى ﴿٩٤﴾

അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന് നീ കാത്തുനിന്നില്ല. എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌.

قَالَ فَمَا خَطْبُكَ يَٰسَٰمِرِىُّ ﴿٩٥﴾

(തുടര്‍ന്ന് സാമിരിയോട്‌) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്‍റെ കാര്യം എന്താണ്‌?

قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا۟ بِهِۦ فَقَبَضْتُ قَبْضَةًۭ مِّنْ أَثَرِ ٱلرَّسُولِ فَنَبَذْتُهَا وَكَذَٰلِكَ سَوَّلَتْ لِى نَفْسِى ﴿٩٦﴾

അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്‍റെ കാല്‍പാടില്‍ നിന്ന് ഞാനൊരു പിടിപിടിക്കുകയും എന്നിട്ടത് ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ് എന്‍റെ മനസ്സ് എന്നെ പ്രേരിപ്പിച്ചത്‌.

قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَوٰةِ أَن تَقُولَ لَا مِسَاسَ ۖ وَإِنَّ لَكَ مَوْعِدًۭا لَّن تُخْلَفَهُۥ ۖ وَٱنظُرْ إِلَىٰٓ إِلَٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفًۭا ۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِى ٱلْيَمِّ نَسْفًا ﴿٩٧﴾

അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് തൊട്ടുകൂടാ എന്ന് പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്‌. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ച് കൊണേ്ടയിരിക്കുന്ന നിന്‍റെ ആ ദൈവത്തിന്‍റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്‌.

إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَىْءٍ عِلْمًۭا ﴿٩٨﴾

നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ അറിവ് എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു.

7

മൂസായും അൽ-ഖിദ്റും

തന്നിൽനിന്നുള്ള അറിവ് നൽകപ്പെട്ട അല്ലാഹുവിന്റെ ഒരു ദാസനെ (ഹദീസ് അദ്ദേഹത്തെ അൽ-ഖിദ്ർ എന്ന് പേരു പറയുന്നു) കാണാൻ മൂസാ പോകുന്നു. പഠിക്കാനായി അദ്ദേഹത്തെ പിന്തുടരാൻ മൂസാ അനുവാദം ചോദിക്കുന്നു; ക്ഷമിക്കാൻ നിനക്ക് കഴിയില്ലെന്ന് അദ്ദേഹത്തോട് പറയുന്നു. മൂന്ന് സംഭവങ്ങൾ തുടരുന്നു: കപ്പൽ പൊളിക്കുന്നു, ഒരു കുട്ടിയെ കൊല്ലുന്നു, ഒരു മതിൽ നന്നാക്കുന്നു. ഒടുവിൽ ആ ദാസൻ ഓരോന്നും വിശദീകരിക്കുകയും അതൊന്നും താൻ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്ന് പറയുകയും ചെയ്യുന്നു.

വചനങ്ങൾ കാണിക്കുക (23)

وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًۭا ﴿٦٠﴾

മൂസാ തന്‍റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന് കൊണേ്ടയിരിക്കും.

فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًۭا ﴿٦١﴾

അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്‍റെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു.

فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَٰذَا نَصَبًۭا ﴿٦٢﴾

അങ്ങനെ അവര്‍ ആ സ്ഥലം വിട്ട് മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്‍റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു.

قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًۭا ﴿٦٣﴾

അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.

قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًۭا ﴿٦٤﴾

അദ്ദേഹം (മൂസാ) പറഞ്ഞു: അതുതന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്‌. ഉടനെ അവര്‍ രണ്ട് പേരും തങ്ങളുടെ കാല്‍പാടുകള്‍ നോക്കിക്കൊണ്ട് മടങ്ങി.

فَوَجَدَا عَبْدًۭا مِّنْ عِبَادِنَآ ءَاتَيْنَٰهُ رَحْمَةًۭ مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًۭا ﴿٦٥﴾

അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًۭا ﴿٦٦﴾

മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്‍മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?

قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا ﴿٦٧﴾

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്‍റെ കൂടെ ക്ഷമിച്ച് കഴിയാന്‍ സാധിക്കുകയേ ഇല്ല.

وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًۭا ﴿٦٨﴾

താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും.?

قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًۭا وَلَآ أَعْصِى لَكَ أَمْرًۭا ﴿٦٩﴾

അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല.

قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًۭا ﴿٧٠﴾

അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട് ചോദിക്കരുത്‌: അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു പറഞ്ഞുതരുന്നത് വരെ.

فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًۭا ﴿٧١﴾

തുടര്‍ന്ന് അവര്‍ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്‌.

قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا ﴿٧٢﴾

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്‍റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?

قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًۭا ﴿٧٣﴾

അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്‍റെ പേരില്‍ നടപടി എടുക്കരുത്‌. എന്‍റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്‌.

فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًۭا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًۭا زَكِيَّةًۢ بِغَيْرِ نَفْسٍۢ لَّقَدْ جِئْتَ شَيْـًۭٔا نُّكْرًۭا ﴿٧٤﴾

അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്‌.

۞ قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا ﴿٧٥﴾

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്കു എന്‍റെ കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടില്ലേ?

قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًۭا ﴿٧٦﴾

മൂസാ പറഞ്ഞു: ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.

فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًۭا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًۭا ﴿٧٧﴾

അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍ക്കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്‌. അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്‍റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു.

قَالَ هَٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا ﴿٧٨﴾

അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്‍റെ പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം.

أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌۭ يَأْخُذُ كُلَّ سَفِينَةٍ غَصْبًۭا ﴿٧٩﴾

എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.

وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًۭا وَكُفْرًۭا ﴿٨٠﴾

എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു.

فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًۭا مِّنْهُ زَكَوٰةًۭ وَأَقْرَبَ رُحْمًۭا ﴿٨١﴾

അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു.

وَأَمَّا ٱلْجِدَارُ فَكَانَ لِغُلَٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌۭ لَّهُمَا وَكَانَ أَبُوهُمَا صَٰلِحًۭا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةًۭ مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًۭا ﴿٨٢﴾

ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്‍മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്‍റെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എന്‍റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്‌. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുളാകുന്നു അത്‌.

ഈ കഥ ഖുർആനിൽനിന്ന് മാത്രം എടുത്തതാണ്. മറ്റ് ഗ്രന്ഥങ്ങളിലെ വിശദാംശങ്ങൾ ചേർത്തിട്ടില്ല.

അറബി പാഠം: ഉസ്മാനി ലിപി. പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor.

പ്രവാചകന്മാരെക്കുറിച്ചുള്ള ചോദ്യങ്ങൾ

Musa നബി ആരായിരുന്നു?

ഖുർആൻ ഏറ്റവും കൂടുതൽ തവണ, പല സൂറകളിലായി, കഥ പറയുന്ന പ്രവാചകന്മാരിൽ ഒരാളാണ് മൂസാ: അദ്ദേഹത്തിന്റെ ജനനം, ഫറവോന്റെ അടുക്കലേക്കുള്ള ദൗത്യം, ഇസ്റാഈൽ സന്തതികളുടെ പുറപ്പാട്.

ഖുർആനിൽ Musa-ന്റെ കഥ എവിടെയാണ്?

ഇത് Al-Qasas 28:7–13, Al-Qasas 28:14–28, Ta-Ha 20:9–24, Ta-Ha 20:25–36, Ash-Shu'ara 26:10–24, Ash-Shu'ara 26:32–44, Ash-Shu'ara 26:52–68, Ta-Ha 20:83–98, Al-Kahf 18:60–70, Al-Kahf 18:71–82-ലാണ്. ഈ പേജ് ഈ വചനങ്ങൾ അറബിയിലും നിങ്ങളുടെ ഭാഷയിലും കാണിക്കുന്നു.

WhatsApp